ഖുര്‍ആന്‍ എന്ന പരിഹാരം
മനുഷ്യരിൽ അല്ലാഹു നിക്ഷേപിച്ച മഹത്തായ രണ്ടു വസ്തുക്കളത്രെ വിശേഷ ബുദ്ധിയും ശുദ്ധ പ്രകൃതിയും. എന്നാൽ, മനുഷ്യനെ നന്മയിലേക്കു നയിക്കാനും ഗുണത്തിലേക്കു വഴി തെളിക്കാനും അവകൊണ്ടു മാത്രം അല്ലാഹു മതിയാക്കിയില്ല. അവനെ മാത്രം ആരാധിക്കുകയെന്ന തൗഹീദിൽ അധിഷ്ഠിതമായ ഋജുവായ മാർഗത്തിലേക്ക് മനുഷ്യനെ ക്ഷണിക്കാനും അനുസരിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കാനും നിരാകരിക്കുന്നവർക്ക് താക്കീത് നൽകാനുമായി ദൂതന്മാരെ നിയോഗിച്ചു. അവർക്കു ഗ്രന്ഥങ്ങളും നൽകി. അല്ലാഹു മനുഷ്യന് ചെയ്ത അതിമഹത്തായ ഔദാര്യമാണത്. വഴികാട്ടികളായി ആരെങ്കിലും വരികയോ സുവിശേഷമോ താക്കീതോ നൽകപ്പെടുകയോ ചെയ്തില്ലായെന്ന് മനുഷ്യൻ ന്യായ വാദം നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഖുആൻ പറയുന്നു: ”അതനുസരിക്കുന്നവർക്ക് സന്തോഷം അറിയിക്കുന്നവരായും നിരാകരിക്കുന്നവർക്ക് താക്കീത് നൽകുന്നവരായും ദൂതന്മാരെ നാം അയച്ചു. ദൂതന്മാർ വന്നാൽ പിന്നെ അല്ലാഹുവിനെതിരിൽ മനുഷ്യർക്ക് ന്യായവാദം നടത്താൻ നിർവാഹമുണ്ടാവില്ലല്ലോ; അതിനുവേണ്ടി” (4:165).
മനുഷ്യവർഗം പുരോഗതി പ്രാപിക്കുകയും ചിന്താപരമായി വളർന്നുകൊണ്ടിരിക്കുകയും ചെയ്തു. അപ്പോഴെല്ലാംതന്നെ അതതു കാലത്തെ ദൂതന്മാർ മുഖേന അവരുടെ സമൂഹത്തിന് ദിവ്യ സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അനുയോജ്യമായ നിർദ്ദേശങ്ങളും കാലികമായ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവയിലുണ്ടായിരുന്നു. അങ്ങനെ, മാനുഷ്യകം പൂർണ വളർച്ച പ്രാപിച്ചു. മുഹമ്മദ് നബി (സ) ക്ക് നൽകപ്പെട്ട സന്ദേശം ലോകത്താകെ വ്യാപിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുകയും ദൂതന്മാർ ആരുമില്ലാത്ത അനുയോജ്യമായ ഒരു ഘട്ടത്തിൽ തിരുനബിയെ നിയോഗിക്കുകയും ചെയ്തു. മുൻദൂതന്മാരായ സഹോദരങ്ങൾ പടുത്തുയർത്തിയ പരിശുദ്ധ മന്ദിരം (ദീൻ) പരിപൂർണമാക്കാനായി വ്യാപകവും ശാശ്വതവുമായ ശരീഅത്തും തന്റെ മേൽ അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും അതിനായി അല്ലാഹു നൽകി. ആ വിശുദ്ധ ഗ്രന്ഥമത്രെ ഖുർആൻ.
”എന്റെയും മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ, ഒരാൾ നിർമിച്ച കെട്ടിടത്തിന്റെ ഉപമയാണ്. അയാൾ വളരെ മനോഹരമായി ആ കെട്ടിടം നിർമിച്ചു. ഒരു മൂലക്കല്ല് മാത്രം ഒഴിവാക്കി. സന്ദർശകർ ആ കെട്ടിടത്തിനു ചുറ്റും നടന്ന് അതിന്റെ മേന്മയും മനോഹാരിതയും കണ്ട് അൽഭുതം കൂറി. ആ മൂലക്കല്ലുകൂടി ഉണ്ടായിരുന്നുവെങ്കിൽ! അവർ അഭിപ്രായം പ്രകടിപ്പിച്ചു. ആ മൂലക്കല്ലത്രെ ഞാൻ. ഞാൻ അന്ത്യപ്രവാചകനാണ്” (ഹദീസ്).

മുഴുവൻ മനുഷ്യരിലേക്കുമായി അല്ലാഹു നൽകിയ സന്ദേശമാണ് ഖുർആൻ. കിത്താബിലും സുന്നത്തിലും അത്തരം നിരവധി പ്രതിപാദനങ്ങൾ കാണാം. ”താങ്കൾ പറയുക: മനുഷ്യരെ, ഞാൻ നിങ്ങൾക്കു മുഴുവനായി അയക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാണ്” (7:157). ”ലോകജനതക്ക് മുഴുവൻ മുന്നറിയിപ്പു നൽകുന്ന ആളാകാനായി തന്റെ ദാസന് ഫുർഖാൻ അവതരിപ്പിച്ചവൻ പരിശുദ്ധനത്രെ” (25:1). ഓരോ പ്രവാചകനും തന്റെ ജനതയിലേക്കു മാത്രം അയക്കപ്പെട്ട ആളായിരുന്നു. ഞാൻ മുഴുവൻ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ടവനാണ് (ബുഖാരി, മുസ്‌ലിം). മുഹമ്മദ് നബി ലോക ജനതയിലേക്കു മുഴുവൻ പ്രവാചകനായി നിയോഗിക്കപ്പെട്ടതുകൊണ്ടും മുൻ പ്രവാചകന്മാർ പ്രചരിപ്പിച്ച ദീനിനെ പരിശുദ്ധ ഖുർആൻ മുഖേന പരിപൂർണമാക്കിയതുകൊണ്ടും ഇനിയൊരു സന്ദേശം അല്ലാഹുവിൽനിന്നു ലഭിക്കുകയില്ല. ഇനിയൊരു പ്രവാചകനോ ദൂതനോ നിയോഗിക്കപ്പെടുകയുമില്ല. ഖുർആൻ പറയുന്നു: ”മുഹമ്മദ് നിങ്ങളിൽ ആരുടെയും പിതാവല്ല; പക്ഷെ, അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാകുന്നു” (33:40).
മനുഷ്യ രാശിയുടെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഖുർആൻ മതിയാകണമെന്നും അതുതന്നെ പൂർവ്വ മതങ്ങളുടെ അടിത്തറയിൽനിന്നുകൊണ്ടാകണമെന്നും ഇതുവരെ പറഞ്ഞതിൽനിന്നു വ്യക്താകുന്നു. ”നൂഹ് നബിയോട് അല്ലാഹു ഉപദേശിച്ചതും താങ്കൾക്കു നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം ഉപദേശിച്ചതും തന്നെയാണ് നിങ്ങൾക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതായത്, ഈ ദീനിനെ നിലനിർത്തുക. അതിൽ നിങ്ങൾ ഭിന്നിക്കരുത്” (42:13).
Read Quran Click Here
ഖുർആൻ അറബി ഭാഷയിലാണ്. അതുകൊണ്ട് അറബ് ലോകത്തെ പ്രവാചകൻ വെല്ലുവിളിച്ചു. അവരുടെ ഭാഷയിലാണ് ഖുർആൻ അവതരിച്ചത്. അവർ ഭാഷാ വിജ്ഞരും ഭാഷാ പടുക്കളുമാണ്. എന്നിട്ടും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ അവർക്കു സാധിച്ചില്ല. ഒരദ്ധ്യായം പോലും കൊണ്ടുവരാൻ അവർ അശക്തരായി. ഖുർആന്റെ അൽഭുത ശക്തി, തത്തുല്യമായത് കൊണ്ടുവരാൻ മറ്റാർക്കും കഴിയില്ലെന്ന് തെളിയിക്കുന്ന ശക്തി അങ്ങനെ സ്ഥിരപ്പെട്ടു.
അതുകൊണ്ടുതന്നെ, പ്രവാചകന്റെ പ്രവാചകത്വം സ്ഥിരീകൃതമായി. അതിനെ കാത്തുസൂക്ഷിക്കുമെന്നും യാതൊരു മാറ്റവും ഭേദഗതിയും കൂടാതെ വിശ്വാസ യോഗ്യരായ നിരവധി പേർ വഴി അത് നിവേദനം ചെയ്യപ്പെടുമെന്നും അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞതാണ്. അത് കൊണ്ടുവരുന്ന മലക്ക്, ഏതൊരു പ്രവാചകന് അത് അവതരിച്ചു കിട്ടുന്നുവോ ആ പ്രവാചകൻ, അത് കൈകാര്യം ചെയ്യുന്ന മറ്റുള്ളവർ എല്ലാം എങ്ങനെയുള്ളവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക: ”വിശ്വസ്താത്മാവ് (ജിബ്‌രീൽ) അതുംകൊണ്ടിറങ്ങി” (26:193). നിശ്ചയം അത് ഉത്കൃഷ്ടനായ ദൂതന്റെ (ജിബ്‌രീൽ) വാക്കാണ്. ശക്തനും സിംഹാസനത്തിന്റെ ഉടമയുമായ അല്ലാഹുവിങ്കൽ സ്ഥാനമുള്ളവനുമായ (ദൂതൻ). അദ്ദേഹം വിശ്വസ്തനുമാണ്. നിങ്ങളുടെ കൂട്ടുകാരൻ (നബി) ഭ്രാന്തനല്ല. അദ്ദേഹം ആ ദൂതനെ വ്യക്തമായി ചക്രവാളത്തിൽ കണ്ടു. അദ്ദേഹം തനിക്കു വന്നുകിട്ടിയ ഗുപ്ത കാര്യങ്ങളിൽ പിശുക്ക് കാണിക്കുകയില്ല (18:19-24). നിശ്ചയം അത് ഉത്കൃഷ്ടമായ ഖുർആനാണ്. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥത്തിലുള്ളതാണത്. ശുദ്ധരല്ലാതെ അതിനെ സ്പർശിക്കുകയില്ല (56: 77-79).
ഈ പ്രത്യേകതകളൊന്നുംതന്നെ മുമ്പു ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾക്കില്ല. അവയെല്ലാം പ്രത്യേകം കാലത്തേക്കു അവതരിച്ചവയാണുതാനും. ഖുർആന്റെ സന്ദേശം മനുഷ്യർക്കു മാത്രമുള്ളതല്ല; ജിന്നുകൾക്കുകൂടിയുള്ളതാണ്. ”ഖുർആൻ കേൾക്കുന്നവരായി ഒരു സംഘം ജിന്നുകളെ നാം താങ്കളിലേക്കു തിരിച്ചുവിട്ട സന്ദർഭം ഓർക്കുക. അങ്ങനെ അവർ ഖുർആൻ ഓതുന്നിടത്ത് സന്നിഹിതരായപ്പോൾ ‘നിങ്ങൾ ശ്രദ്ധിച്ചുകൊൾക’ എന്ന് അവർ പറഞ്ഞു. ഖുർആൻ ഓതിക്കഴിഞ്ഞപ്പോൾ മുന്നറിയിപ്പ് നൽകുന്നവരായി തങ്ങളുടെ സമൂഹത്തിലേക്ക് അവർ തിരിച്ചുപോയി. എന്നിട്ട് അവർ പറഞ്ഞു: സമൂഹമേ, നിശ്ചയം മൂസാ നബിക്കു ശേഷം ഇറക്കപ്പെട്ട, അതിനു മുമ്പുള്ളതിനെ ശരിവെക്കുന്ന ഒരു ഗ്രന്തം ഞങ്ങൾ കേട്ടു. അത് സത്യത്തിലേക്കും സന്മാർഗത്തിലേക്കും വഴി കാട്ടുന്നു. സമൂഹമേ, അല്ലാഹുവിന്റെ പ്രബോധകന് നിങ്ങൾ ഉത്തരം ചെയ്യുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക (46: 29-31).
ആത്മികോന്നതിക്കു വേണ്ടിയോ പരലോക വിജയത്തിനു വേണ്ടിയോ മാത്രമല്ല ഖുർആൻ മാർഗ ദർശനം നൽകുന്നത്. ശാരീരികം, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം മുതലായ എല്ലാ മേഖലകളിലും അത് വെളിച്ചം കാണിക്കുന്നു. മനുഷ്യൻ കടന്നുപോകുന്ന എല്ലാ മണ്ഡലങ്ങളും ഉൾകൊള്ളുന്ന വിധം അനുയോജ്യമായ അടിത്തറയിൽ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുകയാണ് ഖുർആൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അത് എക്കാലത്തും നിലനിൽക്കുന്നു. ജീവിതത്തിന്റെ പ്രകടിത വശങ്ങളെയെല്ലാം അത് ഉൾകൊള്ളുന്നതുകൊണ്ടും അനുരൂപമായ മറ്റൊരു മാർഗദർശക ഗ്രന്ഥം ഇല്ലാത്തതുകൊണ്ടും മനുഷ്യലോകത്തെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാനും അങ്ങനെ മനുഷ്യരെ രക്ഷിക്കാനും ഖുർആനിനല്ലാതെ കഴിയുകയില്ല. എന്റെ മാർഗനിർദ്ദേശത്തെ പിൻപറ്റിയവൻ വഴിതെറ്റുകയില്ല. നിർഭാഗ്യവാനാവുകയില്ല. എന്റെ ഉപദേശം വിട്ടു തിരിഞ്ഞുകളഞ്ഞവന് നിശ്ചയം കുടുസ്സായ ജീവിതമാണ് ഉണ്ടാവുക. പുനരുത്ഥാന നാളിൽ അന്ധനായി അവനെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും (20:123, 124).
കൂരിരുട്ടിന്റെ നടുവിൽ ഖുർആന്റെ വെളിച്ചവുമായി നിലകൊള്ളുന്നവൻ മുസ്‌ലിംകൾ മാത്രമാണ്. അതുകൊണ്ട് അസത്യവും അബദ്ധ ജടിലവുമായ സരണികളിൽനിന്നെല്ലാം ശുദ്ധമായി, വഴിയറിയാതെ പരിഭ്രാന്തരായി നിൽക്കുന്ന മനുഷ്യവർഗത്തെ ഖുർആൻ മുഖേന നേർവഴിക്ക് നയിക്കുകയും സമാധാനത്തിന്റെ തീരത്തേക്കു കരകേറ്റുകയും ചെയ്യേണ്ടത് അവരുടെ കടമയാകുന്നു. മുസ്‌ലിംകൾക്ക് കഴിഞ്ഞകാലത്ത് പ്രതാപമുണ്ടായത് ഖുർആൻകൊണ്ടാണ്. അത് വീണ്ടെടുക്കാൻ ആധുനിക യുഗത്തിലും ഖുർആൻകൊണ്ടു മാത്രമേ സാധ്യമാകൂ
(ഖുർആൻ ഡൈജസ്റ്റ്, 1985, എസ്.പി.സി., ചെമ്മാട്, മലപ്പുറം)
