സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമാണ് സംതൃപ്ത കുടുംബം. കുടുംബത്തിന്റെ വളർച്ചയും തളർച്ചയും നാഗരിക പുരോഗതിയെയും അതിന്റെ പതനത്തെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബമായി കഴിയുക എന്നത് കേവലം ഭൗതികാസക്തിയല്ല മറിച്ച് സൃഷ്ടിപ്പിന്റെ താൽപര്യമാണ്. മനുഷ്യനിൽ അന്തർലീനമായ കഴിവുകളുടെ വികാസത്തിനും അവന്റെ വ്യക്തിത്വത്തിന്റെ സഫലീകരണത്തിനും പ്രകൃതി നിശ്ചയിച്ച ഉപാധിയാണത്. അതുകൊണ്ടുതന്നെ കുടുംബ സംവിധാനത്തെ എതിർക്കുന്നവർ പ്രകൃതിയെയാണ് യഥാർത്ഥത്തിൽ എതിർക്കുന്നത്.
മുന്തിരിവള്ളിക്ക് വളരാൻ ഒരു താങ്ങ് ആവശ്യമായതു പോലെ മനുഷ്യനും വളർന്നു പടരാൻ ഒരു താങ്ങ് ആവശ്യമാണ്. കുടുംബവും സമൂഹവുമാണ് മനുഷ്യന് വളരാനുള്ള ആ താങ്ങ്. അത് ലഭിച്ചില്ലെങ്കിൽ മനുഷ്യൻ ഉണങ്ങി നശിച്ചു പോകും.ഒരാളുടെ കുടുംബജീവിതത്തിലെ വിജയവും സംതൃപ്തിയും അദ്ദേഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതുപോലെ അവിടെയുണ്ടാകുന്ന പരാജയവും അസംതൃപ്തിയും നിഴൽപോലെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും എന്നത് ഒരു സത്യമാണ്.
സമാധാനത്തിന്റെ തണലും സന്തോഷത്തിന്റെ തണുപ്പും ലഭിക്കേണ്ട വീടകങ്ങളിൽ നിന്ന് അവ കിട്ടാതെ വരുമ്പോൾ മനുഷ്യൻ കടുത്ത നൈരാശ്യത്തിൽ അകപ്പെടും. ആ നൈരാശ്യം ലഹരിയിലേക്കും അവിഹിതങ്ങളിലേക്കും ഒരുവേള ആത്മഹത്യയിലേക്കും അവനെ കൊണ്ടെത്തിക്കും.പുതിയ കാലത്ത് മനുഷ്യർ തമ്മിലുള്ള ഭൗതികമായ അകലം വളരെ കുറവാണ്. എത്ര വിദൂരത്തുള്ളവരുമായും കണ്ടും കേട്ടും ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളുണ്ട്.എന്നാൽ മനുഷ്യ മനസ്സുകൾ തമ്മിലുള്ള അടുപ്പം വളരെയേറെ അകന്നുകൊണ്ടിരിക്കുകയാണ്. കുടുംബകോടതികളിൽ കുന്നുകൂടുന്ന കേസുകൾ, പ്രശ്നപരിഹാരത്തിനായി മന:ശാസ്ത്ര വിദഗ്ധരെ സമീപിക്കുന്നവരുടെ വർധന, മനോരോഗികളുടെ ബാഹുല്യം, ആത്മഹത്യയിൽ അഭയം തേടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്ക് തുടങ്ങിയവയെല്ലാം കുടുംബജീവിതത്തിന്റെ താളാത്മകത എത്രത്തോളം തകിടം മറിഞ്ഞുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്.
മനുഷ്യ നാഗരികത പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങൾ കയറിയിട്ടും കുടുംബമെന്ന ചെറിയ സ്ഥാപനത്തിൽ അടിപതറി തെന്നിവീണ് ജീവിതം ചിതറിത്തെറിക്കുമ്പോൾ അതിന് പരിഹാരം അന്വേഷിക്കേണ്ടത് സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിൽ നിന്നു തന്നെയാണ്.കോടികൾ മുതൽ മുടക്കിയ മണിമാളികകളിൽ രാത്രി ഉറങ്ങാൻ പോലും സാധിക്കാത്തവിധം മനസ്സ് അസ്വസ്ഥമാകുമ്പോൾ ദൈവിക നിയമങ്ങളുടെ ആധാരശിലയിൽ വീടിനെ പടുത്തുയർത്തുമ്പോൾ മാത്രമേ സ്വസ്ഥതയുള്ളൊരു ജീവിതം ആ വീട്ടിൽ സാധ്യമാവുകയുള്ളൂ എന്ന് മനസ്സിലാക്കണം.

കുടുംബം ഇസ്ലാമിൽ
കുടുംബത്തിന്റെ ഉത്ഭവം, ധർമം, സ്വഭാവം, ഘടന എന്നിവയെക്കുറിച്ച് ഇസ്ലാമിന് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനിന്റെ വ്യാവഹാരിക വിധികളിൽ മൂന്നിലൊന്നോളം കുടുംബത്തെയും അതിന്റെ ക്രമീകരണത്തെയും സംബന്ധിച്ചാണ്.വിവാഹം, വിവാഹമോചനം, അനന്തരാവകാശം ഇവയെക്കുറിച്ചൊക്കെ നീണ്ട വിവരണങ്ങൾ തന്നെ ഖുർആനിൽ കാണാം.അതിന്റെ വിശദീകരണമെന്ന നിലക്കുള്ള പ്രവാചക വചനങ്ങൾ മറ്റൊരു രീതിയിലും രൂപത്തിലും അവതരിപ്പിക്കുകയാണ് ആധുനിക ലോകത്തെ ഫാമിലി കൗൺസിലർമാർ ചെയ്യുന്നത്.
കുടുംബ ബന്ധത്തിൻറെ അടിസ്ഥാനം ദാമ്പത്യജീവിതമാണ്. അതിനെ ഒരു ദൈവാനുഗ്രഹം ആയിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. ‘അവൻതന്നെയാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും, വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിൻറെ രക്ഷിതാവ് കഴിവുള്ളവനാകുന്നു'(ഖുർആൻ: 25:54).
‘അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളിൽ നിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ നിഷേധിക്കുകയുമാണോ ചെയ്യുന്നത് ‘(ഖുർആൻ: 16:72)
ബ്രഹ്മചര്യത്തെ വിമർശിക്കുകയും വിവാഹത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് വചനങ്ങൾ ഇസ്ലാമിക പ്രമാണങ്ങളിൽ കാണുവാൻ സാധിക്കും. പ്രവാചകാനുയായിയായ അനസ് (റ)പറയുന്നത് കാണുക: “നബി (സ) ഞങ്ങളോട് വിവാഹം കഴിക്കുവാൻ കൽപ്പിക്കുകയും ബ്രഹ്മചര്യം അനുഷ്ടിക്കുന്നത് ശക്തിയായി നിരോധിക്കുകയും ചെയ്തിരിക്കുന്നു”(അഹ്മദ്). മറ്റൊരിക്കൽ തിരുദൂതൻ(സ) അരുളി: “വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂർത്തിയായി- ബാക്കി പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ”(ബൈഹഖി).
പ്രവാചകൻ പറയുന്നു: “വിവാഹം എൻറെ ചര്യയിൽ പെട്ടതാണ്. എൻറെ മാർഗത്തിൽ നിന്ന് മാറി പോകുന്നവൻ നമ്മിൽപ്പെട്ടവനല്ല”(സുനനു ഇബ്നുമാജ).
ഒരു കുടുംബത്തിന്റെ ആരംഭം ദാമ്പത്യജീവിതം ആയതുകൊണ്ട് തന്നെ അഴകും ഉറപ്പുള്ളൊരു കുടുംബത്തിന് വേണ്ടിയുള്ള പണിയാരംഭിക്കേണ്ടത് ഭാര്യ-ഭർത്താക്കൻമാരിൽ നിന്നു തന്നെയാണ്.
കുടുംബ നേതൃത്വം
കുടുംബത്തിന്റെ നായകത്വം പ്രകൃതിയും ശരീഅത്തും പുരുഷനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ‘പുരുഷന്മാർ സ്ത്രീകളുടെ രക്ഷകർത്താക്കൾ ആകുന്നു.അല്ലാഹു അവർക്ക് (പുരുഷന്മാർക്ക്)മറ്റവരെ (സ്ത്രീകളെ)ക്കാൾ ശ്രേഷ്ഠത നൽകിയതു കൊണ്ടും അവർ തങ്ങളുടെ ധനത്തിൽനിന്ന് ചെലവഴിക്കുന്നതു കൊണ്ടുമാണിത്'(4:34) എന്ന് വിശുദ്ധ ഖുർആനിൽ കാണുവാൻ സാധിക്കും. സ്ത്രീ-പുരുഷ ശരീരത്തെ കുറിച്ചും ഇരുവരുടെയും മാനസിക നിലവാരത്തെ കുറിച്ചും പഠിച്ച ഏതൊരാൾക്കും മേലുദ്ധരിച്ച ഖുർആനിക സൂക്തത്തിന്റെ ശാസ്ത്രീയവും മാനവികവുമായ കൃത്യത എത്രത്തോളം ശരിയാണെന്ന് ബോധ്യപ്പെടും.പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു എന്നതിന് ഖുർആൻ ഉപയോഗിച്ച പദം ‘ഖവ്വാം’എന്നാണ്. ഒരാളുടെയോ, ഒരു സ്ഥാപനത്തിന്റെയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടക്കുകയും മേൽനോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയിൽ ‘ഖവ്വാം’ എന്നും ‘ഖയ്യിം’ എന്നുമെല്ലാം പറയുന്നത്(എം എം അക്ബർ – സ്ത്രീ മതങ്ങളിലും ദർശനങ്ങളിലും – പേജ് 46). ഭാര്യ,മക്കൾ, മാതാപിതാക്കൾ എന്നിങ്ങനെ ഒരുപാട് ആളുകൾ അടങ്ങിയ കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണവും മേൽനോട്ടവും ഇസ്ലാം ഏൽപ്പിച്ചിട്ടുള്ളത് പുരുഷനെയാണെന്ന് സാരം. എന്നാൽ പുരുഷന്മാർ എല്ലാ നിലക്കും സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണ് എന്ന് ഇതിനർത്ഥമില്ല. കുടുംബത്തിന്റെ മേൽനോട്ടച്ചുമതല ഏറ്റെടുക്കാനുള്ള കഴിവും യോഗ്യതയും പരിഗണിക്കുമ്പോൾ അവർക്ക് മികവുണ്ട് എന്നാണ്. അതുകൊണ്ടാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം അവരെ ഏൽപ്പിച്ചത്.
സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക പ്രകൃതിക്കും മാനസികാവസ്ഥയും അനുസരിച്ചാണ് ഇസ്ലാം അവർക്ക് അവരുടേതായ ബാധ്യതകളും അവകാശങ്ങളും ജോലികളും വേർതിരിച്ച് നൽകിയിട്ടുള്ളത്.ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും യോഗ്യതകൾ തുല്യമാണ് എന്ന് സത്യസന്ധനായ ഒരാൾക്കും വാദിക്കാൻ കഴിയുകയില്ല.ആൺ തന്റെ കൈവിരൽ തുമ്പു വരെ പുരുഷനും സ്ത്രീ കാൽ വിരൽ തുമ്പ് വരെ പെണ്ണുമാണ് എന്ന പ്രസിദ്ധ ലൈംഗിക ശാസ്ത്രജ്ഞനായ ഹാവ് ലോക് എല്ലിസിന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്ന് സ്ത്രീ-പുരുഷ ശാരീരിക-മാനസിക അവസ്ഥകൾ അപഗ്രഥിച്ചവർക്കെല്ലാം ബോധ്യപ്പെടും. പുരുഷന്റെ എല്ലുകൾ അധ്വാനത്തിനു പറ്റിയ രീതിയിൽ ഉള്ളവയാണെങ്കിൽ സ്ത്രീയുടേത് ഗർഭധാരണത്തിന് അനുയോജ്യമായതാണ്. കഠിനാധ്വാനത്തിന് ആവശ്യമായ പേശികളാണ് പുരുഷന് ഉള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിൽ ഉള്ളത്.അധ്വാനത്തിന് പറ്റിയ രീതിയിലുള്ള ആണിന്റെ കൈകൾ, ആലിംഗനത്തിന് പറ്റുന്ന പെണ്ണിന്റെ കൈകൾ… ഇങ്ങനെ പോകുന്നു ശാരീരിക വ്യത്യാസങ്ങൾ… അലിവാർന്ന ഹൃദയം, അതിലോലമായ മനസ്സ്, പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്, നുരഞ്ഞു പൊങ്ങുന്ന വൈകാരികത …ഇവയെല്ലാം സ്ത്രീമനസ്സ് വികാര പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.എന്നാൽ പുരുഷ മനസ്സിൻറെ അവസ്ഥയോ? ചിന്തിച്ചുള്ള പ്രതികരണം, പാരുഷ്യത്തോടെയുള്ള പെരുമാറ്റം, അവധാനതയോടു കൂടിയുള്ള പ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവർത്തനം ഇവയാണ് പുരുഷ മനസ്സിന്റെ പ്രതിബിംബം. ഇവ വിചാര പ്രധാനമാണ്. അധ്വാനത്തിന് പറ്റിയ രീതിയിൽ പുരുഷമനസ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം…( അതേ പുസ്തകം : പേജ്: 45)
ആധുനികയുഗം കുടുംബത്തിലും സമൂഹത്തിലും സ്ത്രീയെ പുരുഷനു തുല്യയാക്കാൻ സർവ്വശക്തിയുമുപയോഗിച്ച് ശ്രമിച്ചിട്ടുണ്ട്. (ഇപ്പോഴും ശ്രമിക്കുന്നു).പക്ഷേ ഇന്നുവരെ അത് വിജയിച്ചിട്ടില്ല.ചില സ്ത്രീകൾ തങ്ങളുടെ സ്ത്രൈണ ഗുണങ്ങളും ഉത്തരവാദിത്തങ്ങളും വലിച്ചെറിഞ്ഞ് ഒരു പരിധിയോളം പുരുഷന്മാരെ അനുകരിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നല്ലാതെ. അതാകട്ടെ ആ സ്ത്രീകൾ സമൂഹത്തിനോ രാഷ്ട്രത്തിനോ ഒരു പ്രയോജനവും ചെയ്തിട്ടില്ലെന്നും കാണാം. ഏതാനും കൃത്രിമ പുരുഷന്മാർക്ക് പകരം യഥാർത്ഥ സ്ത്രീകളെ നഷ്ടപ്പെടുത്തുന്നത് ബുദ്ധിക്ക് യോജിച്ച പണിയല്ല.
നാസിം പൂക്കാടഞ്ചേരി
